കൊച്ചി: എളമക്കരയില്‍ വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാലു പേര് പിടിയില്‍. ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ രണ്ട് ഒഡീഷ സ്വദേശികളെയും ഇവരില്‍ നിന്നും കഞ്ചാവ് ഏറ്റുവാങ്ങാനെത്തിയ രണ്ട് ഇടുക്കി സ്വദേശികളെയുമാണ് എളമക്കര പോലീസ് പിടികൂടി.
ഒഡീഷ സിംഗാപുരം ഗഞ്ചം സ്വദേശികളായ ജഗന്നാഥ് നായക് (26), ജിതിന് നായക് (23), ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി അപ്പു ഓമനക്കുട്ടന് (അനില്കുട്ടന് 26), കഞ്ഞിക്കുഴി ആലമ്പിള്ളി തറയില്‍ വീട്ടില്‍ എ.എ. അനു (35) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് 8.194 കിലോഗ്രാം കഞ്ചാവും കടത്താനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ഇടപ്പള്ളിയിലേക്ക് കഞ്ചാവ് എത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അന്ത്യോദയ എക്സ്പ്രസില്‍ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഒഡീഷ സ്വദേശികളായ ജഗന്നാഥ് നായക്, ജിതിന് നായക് എന്നിവരെ പോലീസ് രഹസ്യമായി പിന്തുടര്ന്നു.
റെയില്‍വേ സ്റ്റേഷന് പിന്‍വശത്തുള്ള റോഡില്‍ കാത്തുനിന്ന കാറില്‍ ഇവര്‍ കയറിയ ഉടന്‍ പോലീസ് സംഘം വാഹനം വളയുകയായിരുന്നു. കാറിലുണ്ടായിരുന്ന ഇടുക്കി സ്വദേശികളായ അപ്പു, അനു എന്നിവരെയും ഒഡീഷ സ്വദേശികളെയും വിശദമായി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 8.194 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വില്പന നടത്തുന്നവരാണ് പ്രതികള്‍.